Tuesday, 1 September 2009

വിദ്യാലയങ്ങളുടെ ചരിത്രം


കൂത്താട്ടുകുളത്തെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം വെര്‍ണാകുലര്‍ മലയാളം സ്കൂളാണ്. 1875 കാലത്താണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. അതിന് മുന്‍പ് അക്ഷരാഭ്യാസത്തിന് ഇവിടെയുണ്ടായിരുന്നത് കളരികളായിരുന്നു. തുരുത്തേല്‍ ആശാന്റേയും, പടിഞ്ഞാറേല്‍ ആശാന്റേയും കളരികളായിരുന്നു പ്രധാനപ്പെട്ട രണ്ട് കളരികള്‍.

ദിവാന്‍ ടി. മാധവറാവു ആണ് തിരുവിതാംകൂറില്‍ നാട്ടുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നല്കിയത്. 1866-ല്‍ അദ്ദേഹം ആദ്യത്തെ നാട്ട് ഭാഷാ വിദ്യാലയം തിരുവനന്തപുരത്ത് സ്ഥാപിച്ചു. പ്യൂണ്‍ ജോലിക്ക് മുകളിലുള്ള എല്ലാ ജോലിക്കും പൊതുപരീക്ഷ പാസ്സായിരിക്കണം എന്ന കാഴ്ചപ്പാടിനോടൊപ്പം തന്നെ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും, അവരുടെ സ്വാധീനത്തില്‍ നിന്ന് താഴ്ന്ന ജാതിക്കാരെ മോചിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശവും സര്‍ക്കാരിനുണ്ടായിരുന്നു.

കൂത്താട്ടുകുളത്ത് ആരംഭിച്ച വെര്‍ണാകുലര്‍ സ്കൂള്‍ ഉത്തരതിരുവിതാംകൂറിലെതന്നെ ആദ്യത്തെ പൊതുവിദ്യാലയമായിരുന്നു. അക്കാലത്ത് വടക്കന്‍പറവൂരും , കോട്ടയത്തും മാത്രമേ വേറേ സ്കൂളുകള്‍ ഉണ്ടായിരുന്നുള്ളു എന്നാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെ വിദ്യാര്‍ത്ഥിയായിരുന്ന റവ ഡോ. എബ്രഹാം വടക്കേല്‍ ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇന്നത്തെ ട്രഷറി റോഡിനും, മാര്‍ക്കറ്റ് റോഡിനും ഇടയില്‍ ആദ്യത്തെ അങ്ങാടിയോട് ചേര്‍ന്നായിരുന്നു ആ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇന്നത്തെ ടൌണ്‍ഹാളിന് തെക്ക് ഭാഗത്ത് ഉണ്ടായിരുന്ന വടകരപള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ആ സ്കൂള്‍ എതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ടൌണ്‍സ്കൂളില്‍ ലയിപ്പിക്കുകയാണുണ്ടായത്. ഹൈസ്കൂള്‍ റോഡില്‍ പള്ളിവക സ്ഥലത്ത് പുതിയ ഷോപ്പിംഗ് സെന്റര്‍ നിര്‍മ്മിക്കുന്നതുവരെ ആ സ്കൂള്‍ കെട്ടിടം അവിടെ നിലനിന്നിരുന്നു.

1918-ല്‍ കൂത്താട്ടുകുളത്ത് വടകരയില്‍ പഴയ സുറിയാനി പള്ളിയുടെ മുറ്റത്ത് ഒരു മിഡില്‍സ്കൂള്‍ ആരംഭിച്ചു. അധികം കഴിയുന്നതിന് മുന്‍പ് വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്ന തേന്‍കുളത്ത് മലയിലേക്ക് ആ സ്കൂള്‍ മാറ്റി. 1929-ല്‍ അവിടെ ഹൈസ്കൂള്‍ വിഭാഗം ആരംഭിച്ചപ്പോള്‍ അത് ഈ നാട്ടിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനമായിത്തീര്‍ന്ന. മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ , ലോ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. എ.ടി. മര്‍ക്കോസ്, ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ യുടെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. കെ. എം. സെബാസ്റ്യന്‍, അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. പി.വി. ഉലഹന്നന്‍ മാപ്പിള, കമ്മ്യൂണിസ്റ് നേതാവും റവന്യു വകുപ്പ് മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, സി. ജെ. തോമസ് തുടങ്ങി ഉന്നതരായ നിരവധി വ്യക്തികള്‍ പഠിച്ച ഈ സ്കൂളിലെ ആദ്യ എസ്സ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങുന്നത് 1931 ലാണ്. 1933-ല്‍ വടകരയിലെ പൂച്ചപ്പുറത്ത്കുന്നില്‍ തുടങ്ങിയ ആരാധനമഠം വക മിഡല്‍ സ്കൂള്‍ 1949-ല്‍ ഹൈസ്കൂളായി.

1938-ല്‍ ആരംഭിച്ച ഹിന്ദു മിഷന്‍ മിഡില്‍സ്കൂളാണ് ഇന്നത്തെ കൂത്താട്ടുകുളം ഹൈസ്കൂള്‍. ആദ്യം അയ്യംപറമ്പ് ചാവടിയിലും പിന്നീട് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ ഊട്ട്പുരയിലുമായിരുന്നു ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പില്കാലത്ത് കൂത്താട്ടുകുളം വില്ലേജ് യൂണിയന്റെ പ്രസിഡന്റായിരുന്ന അത്തിമണ്ണില്ലത്ത് കേശവന്‍ നമ്പൂതിരിയായിരുന്നു ഈ സ്കൂളിന്റെ സ്ഥാപകന്‍. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും ഊരാണ്മക്ഷേത്രങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് തന്റെ അധീനതയിലുള്ള ക്ഷേത്രത്തില്‍ അധസ്ഥിതര്‍ക്ക് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയ പരിഷ്കരണവാദിയായിരുന്നു കേശവന്‍ നമ്പൂതിരി. ആഗമാനന്ദ സ്വാമികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഊട്ട്പുരയില്‍ ആരംഭിച്ച സ്കൂളില്‍ നാനാ ജാതികളിലും പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

1 comment:

  1. പാലക്കുഴ സ്കൂള്‍ ചരിത്രം കൂടി ചേര്‍ക്കാമായിരുന്നു

    ReplyDelete

Back to TOP