Saturday, 4 December 2010

എഡിറ്റോറിയല്‍- ചരിത്രം ഇവിടെ തുടങ്ങുന്നു

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥാനമാണ്‌ എറണാകുളം ജില്ലയിലുള്‍പ്പെടുന്ന കൂത്താട്ടുകുളം. ജില്ലാ ആസ്ഥാനത്തേക്ക്‌ ഇവിടെ നിന്ന്‌ ഏറ്റവും കുറഞ്ഞ ദൂരം 50 കിലോമീറ്ററായിരിക്കേ തെക്കുഭാഗത്തായുള്ള കോട്ടയത്തേക്ക്‌ 38 കിലോമീറ്റര്‍ മാത്രമാണുള്ളത്‌. താലൂക്ക്‌ ആസ്ഥാനമായ മൂവാറ്റുപുഴയില്‍ നിന്ന്‌ 17 കിലോമീറ്റര്‍ തെക്ക്‌ മാറി സ്ഥിതി ചെയ്യുന്ന ഈ നാടിന്‌ പട്ടണത്തിന്റെ പ്രൗഡിയും ഗ്രാമത്തിന്റെ നൈര്‍മല്യവും ഒത്തിണങ്ങിയിരിക്കുന്നു.



സ്റ്റേറ്റ്‌ ഹൈവേ ആയ മെയിന്‍ സെന്‍ട്രല്‍ റോഡ്‌ (എം.സി. റോഡ്‌) കടന്ന്‌ പോകുന്നത്‌ കൂത്താട്ടുകുളം വഴിയാണ്‌. ടൗണില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ തെക്കോട്ട്‌ മാറിയാല്‍ കോട്ടയം ജില്ലയാണ്‌. ഇടുക്കി ജില്ലയിലെത്തണമെങ്കില്‍ ടൗണില്‍ നിന്ന്‌ നാല്‌ കിലോമീറ്റര്‍ കിഴക്ക്‌ മാറുകയേ വേണ്ടൂ. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാന പട്ടണമായ തൊടുപുഴയിലേക്കും കോട്ടയം ജില്ലയിലെ പാലായിലേക്കും കൂത്താട്ടുകുളത്ത്‌ നിന്നുള്ള ദൂരം 18 കിലോമീറ്റര്‍ മാത്രം. ഒരു കാലത്ത്‌ മുന്‍സിപ്പാലിറ്റിയും പിന്നീട്‌ സ്‌പെഷല്‍ ഗ്രേഡ്‌ പഞ്ചായത്തുമായി മാറ്റപ്പെട്ട കൂത്താട്ടുകുളം വില്ലേജിന്റെ വിസ്‌തീര്‍ണം 2314.71 ഹെക്‌ടറാണ്‌. ഏറ്റവുമൊടുവിലെ കാനേഷുമാരി പ്രകാരം 1,17,700 ആണ്‌ ഇവിടുത്തെ ജനസംഖ്യ. പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ കൂത്താട്ടുകുളത്തോട്‌ തൊട്ടുരുമ്മി നിന്ന്‌ ഓരേ സംസ്‌കാരം പേറുന്നവയാണ്‌.



തിളക്കമാര്‍ന്ന ഒരു സാംസ്‌കാരിക പാരമ്പര്യമാണ്‌ കൂത്താട്ടുകുളത്തിനുള്ളത്‌. പേരിന്റെ ഉറവിടം സംബന്ധിച്ച ഐതിഹ്യം എന്തു തന്നെയായിരുന്നാലും ഒരു കാലത്ത്‌ കൂത്തിന്റെയും ആട്ടത്തിന്റെയും കളമായിരുന്നു കൂത്താട്ടക്കളം എന്ന കൂത്താട്ടുകുളം. മാര്‍ത്താണ്‌ഡവര്‍മ തിരുവിതാംകൂര്‍ രാജ്യം വിസ്‌തൃതമാക്കുന്നതിന്‌ മുമ്പ്‌ വടക്കുംകൂര്‍ രാജാക്കന്‍മാരുടെ അധികാര സീമയിലായിരുന്നു കൂത്താട്ടുകുളം. ഓണക്കൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ രാജവംശത്തിന്റെ ആയോധനകളരി നിലനിന്നിരുന്ന പ്രദേശം പയറ്റ്‌കളമെന്ന്‌ അറിയപ്പെട്ടു. ഇതാണ്‌ ടൗണിനടുത്തുള്ള ഇപ്പോഴത്തെ പൈറ്റക്കുളമെന്ന്‌ വിശ്വസിക്കുന്നു. ആനപിടുത്തം തൊഴിലാക്കിയ കിഴക്കൊമ്പില്‍ കുടുംബത്തില്‍ നിന്നുള്ളവര്‍, ഇലഞ്ഞിയില്‍ നിന്നും കുടിയേറി താമസമാക്കിയ സ്ഥലമാണ്‌ ഇപ്പോഴത്തെ കിഴകൊമ്പായി പരിണമിച്ചതെന്നും കരുതുന്നു.



100 വര്‍ഷം മുമ്പ്‌ പോലും ഒരു വലിയ പട്ടണത്തിന്‌ വേണ്ടതായ എല്ലാം കൂത്താട്ടുകുളത്തുണ്ടായിരുന്നു. പകുതിക്കച്ചേരി, ആശുപത്രി, സബ്‌ രജിസ്‌ട്രാര്‍ ഓഫീസ്‌, പോലീസ്‌ സ്റ്റേഷന്‍, അഞ്ചലാഫീസ്‌, സത്രം, ടി.ബി., ദേവസ്വം ഓഫീസ്‌, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫീസ്‌ എന്നിവ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ജനകീയ ഭരണത്തില്‍ ഇവയില്‍ പലതും നഷ്‌ടപ്പെട്ടു. ഇന്ന്‌ നഷ്‌ടപ്രതാപങ്ങളുടെ വലിയൊരു പട്ടിക തന്നെ നിരത്താന്‍ ഈ ചെറുപട്ടണത്തിനുണ്ട്‌. കൂത്താട്ടുകുളം പോലീസ്‌സ്റ്റേഷന്‌ കീഴില്‍ വെറുമൊരു എയ്‌ഡ്‌ പോസ്റ്റ്‌ മാത്രമായിരുന്നു പിറവം. എന്നാല്‍ ഇന്ന്‌ പിറവം സര്‍ക്കിളിന്‌ കീഴിലാണ്‌ കൂത്താട്ടുകുളം പോലീസ്‌ സ്റ്റേഷന്‍ എന്നത്‌ വര്‍ത്തമാനകാല വിശേഷം.
ആധുനിക രാഷ്‌ട്രീയ ചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ, ജൈന, കാലഘട്ടത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാവുന്ന പ്രദേശമാണ്‌ കൂത്താട്ടുകുളമെന്ന്‌ പ്രശസ്‌ത ഗവേഷകനായ പി.വി.കെ. വാലത്ത്‌ `കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു. അതിപുരാതനമായ വടകര സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി, മഹാദേവക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക്‌ സ്ഥാപിച്ചിരിക്കുന്ന ടൗണ്‍ തിരുക്കുടുംബ കത്തോലിക്കാ ദേവാലയം, വിദേശ മിഷനറി ദമ്പതിമാര്‍ താമസിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന സി.എസ്‌.ഐ. ഇടവക, ആംഗ്ലിക്കന്‍ പള്ളി എന്നിവയുള്‍പ്പെടെ നിരവധി ആരാധനാലയങ്ങള്‍ കൂത്താട്ടുകുളത്തുണ്ട്‌. നേത്രചികിത്സാ രംഗത്ത്‌ ശ്രദ്ധേയരായ ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രം, മാനസീകാരോഗ്യ ചികിത്സാ രംഗത്ത്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദവിയിലേക്ക്‌ കുതിക്കുന്ന സന്തുല ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ എന്നിവ കൂത്താട്ടുകുളത്താണ്‌.



കാളക്കൂറ്റന്‍മാരുടെ മെയ്‌ക്കരുത്തും ഗ്രാമീണ കര്‍ഷകന്റെ മനക്കരുത്തും വിളിച്ചറിയിക്കുന്ന ചരിത്ര പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള നടക്കുന്നത്‌ കൂത്താട്ടുകുളത്തിനടുത്തുള്ള തിരുമാറാടി പഞ്ചായത്തിലാണ്‌.
മലഞ്ചരക്ക്‌ വ്യാപാരത്തിന്‌ പേരുകേട്ട കൂത്താട്ടുകുളത്ത്‌ നിന്നാണ്‌ ഇഞ്ചിവിത്ത്‌ തിരുവിതാംകൂറില്‍ വ്യാപിച്ചത്‌. കച്ചോലം എന്ന സുഗന്ധവിളയുടെ ജന്മദേശമായി അറിയപ്പെടുന്ന ഈ നാട്‌ ആധുനിക കാര്‍ഷിക വിളകളെയും രീതികളെയും പരീക്ഷിക്കാന്‍ മടി കാണിക്കാറില്ല. ബ്രസീലില്‍ നിന്ന്‌ കരയും കടലും കടന്നെത്തിയ വാനിലയെ ഇരു കൈയും നീട്ടി വാങ്ങി പരീക്ഷിച്ചതിലൂടെ നേട്ടവും കോട്ടവും അനുഭവിച്ചവര്‍ ഇവിടെ നൂറ്‌ കണക്കിന്‌ വരും. റബര്‍ കഴിഞ്ഞാല്‍ പൈനാപ്പിളാണ്‌ ഇവിടെ മുഖ്യകൃഷിയെന്ന്‌ പറയാം. അവശേഷിക്കുന്ന മണ്ടകള്‍ കൂടി നിലംപൊത്തിയാല്‍ തെങ്ങ്‌ കൃഷി കാണണമെങ്കില്‍ മറ്റെവിടെയെങ്കിലും പോകേണ്ടി വരും.



സ്വാതന്ത്ര്യസമര സേനാനികളുടെ ഈറ്റില്ലമെന്ന്‌ കൂത്താട്ടുകുളം വിശേഷിപ്പിക്കപ്പെടുന്നു. രക്തസാക്ഷികളുടെ നാടെന്നാണ്‌ എ.കെ.ജി. കൂത്താട്ടുകുളത്തെ വിളിച്ചത്‌. കേരളത്തില്‍ ഏറെ അറിയപ്പെടുന്ന മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ഒളിത്താവളങ്ങള്‍ കൂത്താട്ടുകുളം മേഖലയിലെ ചില വീടുകളായിരുന്നു.
ചരിത്രവും വര്‍ത്തമാനവും ഇവിടെ അവസാനിക്കുന്നില്ല. അകത്തെ പേജുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ വിശദമായ വിവരങ്ങള്‍ കാണാനാകും. കൂടാതെ വ്യത്യസ്‌ത വിഷയങ്ങളില്‍ അതിഥി എഴുത്തുകാരുടെ ലേഖനങ്ങള്‍ അവരുടെ ചിത്രങ്ങളും പേരുകളും സഹിതം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷയം ചരിത്രമായതിനാല്‍ വ്യത്യസ്‌ത എഴുത്തുകാരുടെ ലേഖനങ്ങളിലെ ചില സൂചികകളെങ്കിലും പൊരുത്തക്കേടുകള്‍ കാണിച്ചെന്നിരിക്കും. എഡിറ്റര്‍ തയാറാക്കിയ ലേഖനങ്ങളെയും ഇക്കാര്യത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. എങ്കിലും എല്ലാം ആധികാരികവും സമഗ്രവും ആയിരിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്‌.



ഇനി അകംതാളുകളിലേക്ക്‌ കടക്കൂ. ഈ പൂമുഖപേജിന്റെ ഇടതുവശത്തായിള്ള ഉള്ളടക്കം എന്ന കോളത്തിലെ ലേഖന തലക്കെട്ടുകളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അതാത്‌ ലേഖനങ്ങള്‍ വായിക്കാം. പൂമുഖ പേജിലേക്ക്‌ മടങ്ങി വരാന്‍ ഏറ്റവും മുകളിലായുള്ള പ്രധാന തലക്കെട്ടില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും. ഇനി ഓരോന്നായി തുറക്കൂ ചരിത്ര ജാലകങ്ങള്‍.

സ്‌നേഹപൂര്‍വം

റ്റിജോ ജോര്‍ജ്‌ (എഡിറ്റര്‍)

No comments:

Post a Comment

Back to TOP