Monday 6 July 2009

കൂത്താട്ടുകുളത്തിന്‌ ഒരു സമഗ്ര വികസനരേഖ

അഡ്വ. പീറ്റര്‍ കെ. ഏലിയാസ്‌,
(ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ കമ്മിറ്റിയംഗം)


ഒരു പ്രദേശത്തിന്‌ ഉണ്ടാകാവുന്ന സ്വാഭാവികമായ വികസനത്തിന്‌ അപ്പുറം ഒന്നും കൈവരിക്കാന്‍ കഴിയാത്ത നാടാണ്‌ നമ്മുടെ കൂത്താട്ടുകുളം. രാഷ്‌ട്രീയ പ്രതിബദ്ധത, സ്വാതന്ത്ര്യസമരത്തിന്റെ വീരസ്‌മരണ, ആത്മീയതയും സാഹിത്യവും നിറഞ്ഞുനില്‍ക്കുന്ന പരിജ്ഞാനമുള്ള മനുഷ്യ വിഭവശേഷി, എല്ലാം വേണ്ടുവോളം ഉണ്ടെങ്കിലും ഫലദായകമായ ഒരു വികസനം കൈവരിക്കുവാന്‍ നമുക്ക്‌ കഴിഞ്ഞിട്ടില്ലെന്നുള്ള കാര്യം സത്യം തന്നെ. എന്തിന്‌ ഒരു ഹൈസ്‌ ്‌സ്‌്‌കൂളിന്‌ അപ്പുറത്ത്‌ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും നമുക്ക്‌ ലഭിച്ചിട്ടില്ല. ഉണ്ടായിരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ പോലും അതിര്‍ത്തിക്കപ്പുറത്തുള്ള മന്ത്രിമാരുടെ തന്ത്രപരമായ ഇടപെടലിലൂടെ നഷ്‌ടപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ നാളത്തെ ആധുനികവും, പ്രസന്നവുമായ ഒരു മുഖകാന്തി നമ്മുടെ നാടിന്‌ കൈവരിക്കുന്നതിനായി ചില ദൗത്യങ്ങള്‍, ഇന്നലെകളിലെ അവഗണനയ്‌ക്കെതിരെ, നാളത്തെ വികസനത്തിനു വേണ്ടി സമര്‍പ്പിക്കുന്നു. നമുക്ക്‌ കൈകോര്‍ക്കാം, ആദ്യം സൗഹ്യദത്തിലൂടെ .....പിന്നെ സമ്മര്‍ദ്ദത്തിലൂടെ..... പിന്നെയോ പോരാട്ടത്തിലൂടെ.



1. കൂത്താട്ടുകുളം കേന്ദ്രമാക്കി താലൂക്ക്‌ രൂപികരിക്കുക.

2. ഇടയാറിലെ ബേക്കണ്‍ ഫാക്‌ടറി(മീറ്റ്‌പ്രൊഡക്‌ട്‌ ഓഫ്‌ ഇന്‍ഡ്യ)യില്‍ ഉപയോഗിക്കാതെ കിടക്കുന്ന 25 ഏക്കര്‍ സ്ഥലത്ത്‌ ഫുഡ്‌ ടെക്‌നോളജിയിലും, വെറ്ററിനറി സയന്‍സിലും, അധിഷ്‌ഠിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
തുടങ്ങുക.

3. ജയന്തി റോഡ്‌ - ഓണംകുന്ന്‌ കാവ്‌ - രാമപുരം കവല - മേനാമറ്റം - പോലീസ്‌ ക്വാര്‍ട്ടേഴ്‌സ്‌ - ഗവ: ആശുപത്രി - അശ്വതി കവല എന്നിവയെ ബന്ധിപ്പിച്ച്‌ ടൗണ്‍ റിംഗ്‌ റോഡ്‌ നിര്‍മ്മിക്കുക. ആയതിന്‌ ഉടനെ തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക.

4. കൂത്താട്ടുകുളത്തെ യുവാക്കളുടെ കായികശേഷി ഉയര്‍ത്തുന്നതിനുദ്ദേശിച്ച്‌ സ്ഥാപിക്കുവാന്‍ നിശ്ചയിച്ച സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക.

5. സബ്‌ രജിസാട്രാര്‍ ഓഫീസ്‌ - വില്ലേജ്‌ ഓഫീസ്‌ - പോസ്റ്റ്‌ ഓഫീസ്‌ - പോലീസ്‌ സ്റ്റേഷന്‍ മുന്‍വശം കെട്ടിടങ്ങളുടെ സ്ഥാനത്ത്‌ എം.സി. റോഡിന്റെ പോലീസ്‌ ട്രാഫിക്‌ നിയന്ത്രണ നിരീക്ഷണ കേന്ദ്രം അടക്കമുള്ള സൗകര്യത്തോടെ റവന്യൂ ടവര്‍ നിര്‍മ്മിക്കുക.

6. ഫാര്‍മേഴ്‌സ്‌ സഹകരണ ബാങ്കിന്റെ കീഴില്‍ പോളിടെക്‌നിക്കും, എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ കേന്ദ്രവും സ്ഥാപിക്കുക.

7. ചുവപ്പ്‌ നാടയില്‍ കുടുങ്ങി മുടങ്ങിപ്പോയ ഗവ: ആശുപത്രിയോടു ചേര്‍ന്നുള്ള ഹോസ്‌പിറ്റല്‍ വാര്‍ഡ്‌ കോംപ്ലക്‌സ്‌, കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോ എന്നിവയുടെ നിര്‍മ്മാണം എന്നിവ ഉടന്‍ ആരംഭിക്കുക.

8. മുടങ്ങികിടക്കുന്ന അമ്പലംകുന്ന്‌ - ദേവമാതാകുന്ന്‌ - എം.വി.ഐ.പി. കനാല്‍ നിര്‍മ്മാണം
തുടങ്ങുക.

9. പ്രൈവറ്റ്‌ ബസ്‌സ്റ്റാന്റിലെ കടമുറികളുടെ മുകളില്‍ (1-ാം നിലയില്‍) ബി.ഒ.ടി. അടിസ്ഥാന ത്തില്‍ കെട്ടിടങ്ങള്‍ പണിത്‌ ആധുനികമായ ഒരു ഇലക്‌ട്രോണിക്‌ പാര്‍ക്ക്‌ സ്ഥാപിക്കുക.

10. സി.ജെ. മെമ്മോറിയല്‍ ലൈബ്രറി ആധുനിക പഠന ഗവേഷണ കേന്ദ്രം ആക്കുക.

11. ദേവമാതാ - കോ-ഓപ്പറേറ്റീവ്‌ - ശ്രീധരീയം തുടങ്ങിയ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യ ടൂറിസം ലക്ഷ്യത്തിനായി പരിശ്രമിക്കുക.

12. ജനകീയ സാമ്പത്തിക കൂട്ടായ്‌മകളിലൂടെ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്‌ടിക്കുക.


മേല്‍ വിവരിച്ച 12 ഇന പരിപാടികള്‍ ഒരു ചൂണ്ടുപലക മാത്രമാണ്‌. ഇത്‌ ഒരു ഭാഗത്തിന്റെ മാത്രം വികസനത്തിനല്ല, മറിച്ച്‌ നമ്മുടെ പരിസര പ്രദേശങ്ങളായ ഇലഞ്ഞി, പാലക്കുഴ, വെളിയന്നൂര്‍, തിരുമാറാടി, ആരക്കുഴ തുടങ്ങിയ സ്ഥലങ്ങളുടെ വികസനത്തിനും കൂടിയാണ്‌. ഇതിലും മികച്ചതും, ആയത്‌ കൂട്ടിച്ചേര്‍ക്കുന്നതിലേക്കും ഓരോരുത്തരുടെയും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട്‌ ഇത്‌ നാടിന്‌ സമര്‍പ്പിക്കുന്നു.

1 comment:

Back to TOP