മലയാള സാഹിത്യത്തില്‍ ധിക്കാരിയുടെ കാതലായി അറിയപ്പെട്ട സി.ജെ തോമസിന്റെ ഹൃദയം കവര്‍ന്ന സാഹിത്യനായികയായിരുന്നു അന്തരിച്ച റോസി തോമസ്. തീര്‍ത്തും അസാധാരണക്കാരനായിരുന്ന സി.ജെയുടെ ജീവിതസഖിയായി മാറിയ റോസി സ്‌നേഹിച്ച് കീഴടക്കിയത,് ആര്‍ക്കും പിടികൊടുക്കാത്ത ഒരു ജീവിതശൈലിയെയായിരുന്നു.
സാഹിത്യലോകത്ത് തിളങ്ങി നിന്ന സി.ജെ തോമസിന്റെ ജീവിതത്തിലേയ്‌ക്ക് സാഹിത്യനിരൂപകനായിരുന്ന പ്രഫ. എം.പി പോളിന്റെ മകള്‍ റോസി കടന്ന് വരുന്നത് 1950 കാലഘട്ടത്തിലാണ്. എം.പി പോള്‍സ് കോളജില്‍ അധ്യാപകനായിരിക്കെയാണ് സി.ജെ സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടത്. പ്രഫ. പോളുമായുള്ള സഹവാസവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെയെ ഗുണകരമായി സ്വാധീനിച്ചു. സി.ജെയും റോസിയുമായുള്ള വിവാഹത്തിന് ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചിരുന്നു. ഇക്കാലയളവില്‍ അക്കാലത്തെ മലയാള സാഹിത്യനായകരിലേറെയും കൂത്താട്ടുകുളത്തെത്തിയിരുന്നു. തകഴി ശിവശങ്കരപ്പിള്ള ഉള്‍പ്പെടെയുള്ള പല പ്രമുഖരും കൂത്താട്ടുകുളത്തെ വീട്ടില്‍ ഈ ദമ്പതികളുടെ ആതിഥ്യം അനുഭവിച്ചവരാണ്.
തികച്ചും സാഹസമെന്നോണമാണ് സി.ജെയുടെ ജീവിതസഖിയായി റോസി മാറിയത്. മറ്റുള്ളവര്‍ക്ക് സ്വാധീനം ചെലുത്താനാകാത്ത, ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത, സി.ജെയുടെ പ്രകൃതം അടുത്തറിയാവുന്ന റോസി ആ പ്രതിഭയെ ഏറെ ബഹുമാനിച്ചിരുന്നു. 1918 നവംബര്‍ 14-ന് കൂത്താട്ടുകുളം ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍-എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും മകനായി ജനിച്ച തോമസിനെ വൈദികനാക്കാന്‍ പിതാവ് ഏറെ ആഗ്രഹിച്ചിരുന്നു. ശെമ്മാശനായി കോട്ടയം സിഎംഎസ് കോളജില്‍ പഠിക്കുമ്പോള്‍ ളോഹ ഉപേക്ഷിച്ച് ഇദ്ദേഹം വിപ്ലവകാരിയായി മാറി. എന്നാല്‍ ഒരു കുപ്പായം ഈരിയത് മറ്റൊരു കുപ്പായമണിയാനല്ല എന്ന് പറഞ്ഞ് അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. ബാഹ്യമായി ഇടപെടുന്ന പലര്‍ക്കും അദ്ദേഹത്തിന്റെ നാവ് സഹിക്കാനാകുന്നതല്ലായിരുന്നെന്ന് റോസി പറഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന വ്യക്തികളില്‍ നിന്നും ഇത്രയും വെറുപ്പ് സമ്പാദിച്ചയാള്‍ വേറെയില്ലെന്നും അവര്‍ ഒരിക്കല്‍ പറഞ്ഞു.
അടുത്ത കാലത്ത് റോസി തോമസ് എഴുതിയ `ഇവനെന്റെ പ്രിയ സി.ജെ' എന്ന പുസ്‌തകം സി.ജെ തോമസിനുള്ള തന്റെ പ്രേമോപഹാരമാണെന്ന് ഇവര്‍ വിശേഷിപ്പിച്ചിരുന്നു.}``ഞങ്ങളുടെ ജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ സി.ജെ എന്ന വ്യക്തിയായിരുന്നു ഓരോ വരി എഴുതുമ്പോഴും ഉണ്ടായിരുന്ന ഉന്നം. ഈ പുസ്‌തകം ഒരു വിലാപകൃതിയാവരുത് എന്നെനിയ്‌ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം സെന്റിമെന്റലിസത്തെ ഞാന്‍ വെറുക്കുന്നു. ഈ പുസ്‌തകം ഒരു ഉപഹാരമാണ്. ജീവിച്ചിരിക്കുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിക്കുന്ന പ്രേമോപഹാരം.'' ആ ഓര്‍മ്മപ്പുസ്‌തകത്തിന്റെ ആമുഖത്തില്‍ റോസി കോറിയിട്ട വാക്കുകളാണിത്. നഷ്‌ടപ്പെട്ടുപോകുന്ന എന്തിനെക്കുറിച്ചും വിലാപകാവ്യങ്ങളൊരുക്കിയിരുന്ന ഒരു കാവ്യസംസ്‌കൃതിയുടെ തിരുമുറ്റത്ത് നിന്നാണ് പ്രിയഭര്‍ത്താവിന്റെ വേര്‍പാട് വിലാപകൃതിയാവരുതെന്ന നിശ്ചയത്തോടെ റോസി തോമസ് പേനയെടുത്തത്.
റോസി ഓര്‍മ്മിച്ചെടുത്തത് സി.ജെ തോമസ് എന്ന കലാപകാരിയായ എഴുത്തുകാരനെക്കുറിച്ചായിരുന്നു. നാടകമെന്നത് തന്റെ ആത്മസംഘര്‍ഷങ്ങളുടെയും ചിന്താധാരയുടെയും കയ്‌പുനിറഞ്ഞ ഫലം എന്നായിരുന്നു സി.ജെ വിശ്വസിച്ചിരുന്നത്. എഴുത്തിന്റെ ദുര്‍ഘടപാതകളിലൂടെയുള്ള യാത്രയായിരുന്നു സി.ജെയുടെ ജീവിതം. എഴുത്തിന്റെ വഴികളിലൂടെ സി.ജെയ്‌ക്കൊപ്പം സഹര്‍ഷം അനുയാത്രനടത്താന്‍ തയാറായി എന്നത് റോസിയുടെ മഹത്വം.
പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ സാഹിത്യസംവേദനവും ഭര്‍ത്താവിന്റെ ചാരെ നിന്ന് ലഭിച്ച സാഹിത്യശിക്ഷണവും കൂടിച്ചേര്‍ന്ന് തന്റെ എഴുത്തിലൂടെ അപൂര്‍വമായൊരു ലാവണ്യാനുഭവം സമ്മാനിയ്‌ക്കാന്‍ റോസിയ്‌ക്ക് കഴിഞ്ഞിരുന്നു.രോഗക്കിടക്കയില്‍ വേദന കൊണ്ട് പിടയുന്ന സി.ജെയെ അവതരിപ്പിക്കുമ്പോള്‍ പോലും സി.ജെ തനിയ്‌ക്ക് ആരെല്ലാമായിരുന്നു എന്നല്ലാതെ, സി.ജെയുടെ വോര്‍പിരിയല്‍ കൊണ്ട് താനില്ലാതായിപ്പോകുന്നു ചിന്ത ഒരിയ്‌ക്കലും കടന്നു വരുന്നില്ല. അത്രയ്‌ക്കും മാനസീകമായ കരുത്ത് റോസിയ്‌ക്കുണ്ടായിരുന്നിരിക്കണം.
പിതാവ് നഷ്‌ടപ്പെട്ട മക്കളെ മാറോട് ചേര്‍ത്ത് വിലപിയ്‌ക്കാതെ വീണ്ടും പഠിയ്‌ക്കാനും സ്‌കൂളില്‍ ജോലി തേടാനും തയാറായ ഈ വനിത എന്നും ചിന്തിയ്‌ക്കുന്ന, ബുദ്ധിമതിയായ സ്‌ത്രീയുടെ റോളായിരുന്നു ഇഷ്‌ടപ്പെട്ടിരുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എം.പി പോളിന്റെ മകളാവാന്‍ ഇഷ്‌ടമാണെന്നും എന്നാല്‍, സി.ജെയുടെ ഭാര്യയാവാന്‍ ഇഷ്‌ടമല്ലെന്നും തുറന്ന് പറഞ്ഞ റോസി നാട്യങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാണ് എന്നും ഇഷ്‌ടപ്പെട്ടിരുന്നത്.1953-ല്‍ സി.ജെ എഴുതിയ `ഇവനെന്റെ പ്രിയപുത്രന്‍' എന്ന പുസ്‌തകത്തിന്റെ പേര് കടമെടുത്താണ് തന്റെ പ്രിയതമനെ അനുസ്‌മരിക്കുന്ന പുസ്‌തകത്തിന് റോസി പേരിട്ടത്. ഈ പുസ്‌തകം പ്രസിദ്ധീകരിച്ചതിന് ശേഷം ചിലരുടെ മനസില്‍ തെറ്റിദ്ധാരണകള്‍ കടന്നുകൂടിയെന്ന് ഇവര്‍ പരിതപിച്ചിരുന്നു. ``എന്റെ സി.ജെ എന്നും നല്ലവരില്‍ നല്ലവനാണെന്നുള്ള വിശ്വാസം എനിയ്‌ക്കെന്നുമുണ്ടായിരുന്നു. എന്റെ പരീക്ഷണഘട്ടത്തിന്റെ കാലമായിരുന്നു ഞങ്ങളുടെ പ്രേമകാലം. അന്നും അദ്ദേഹത്തോടൊപ്പം ഉറച്ച് നിന്നത് ആ വിശ്വാസം കൊണ്ടാണ.് വരികള്‍ക്കിടയില്‍ വായിക്കാനറിയാവുന്നവര്‍ക്ക് ആ പുസ്‌തകം വായിച്ചാല്‍ തെറ്റിദ്ധാരണ ഉണ്ടാകില്ല '' എന്നാണ് റോസി പിന്നീട് പ്രതികരിച്ചത്.
സി.ജെ തോമസിന്റെ ജീവിതസഖിയായുള്ള ജീവിതം ഒമ്പത് വര്‍ഷക്കാലമേ നീണ്ട് നിന്നുള്ളൂ. 1960 ജൂലൈ 14-ന് 42-ാമത്തെ വയസില്‍ സി.ജെ അന്തരിച്ചതോടെ പറക്കമുറ്റാത്ത ഒരു മകളും രണ്ട് ആണ്‍മക്കളുമായി റോസി ഒറ്റപ്പെടുകയായിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലും ആവശ്യമായ ധൈര്യവും മറ്റു ഗുണങ്ങളും തനിയ്‌ക്കുണ്ടെന്ന് റോസി പിന്നീട് തെളിയിച്ചെന്ന് `സി.ജെയുടെ അവസാനനാളുകള്‍' എന്ന ലേഖനത്തില്‍ പ്രഫ. എം.കെ സാനു അനുസ്‌മരിക്കുന്നു. വരാപ്പുഴയിലെ വസതിയില്‍ അവസാനനാളുകളിലും സി.ജെയുടെ ഓര്‍മകളും പേറി കഴിഞ്ഞ റോസി, എല്ലാ വര്‍ഷവും മുടങ്ങാതെ മക്കളുമൊത്ത് കൂത്താട്ടുകുളത്തെത്തുമായിരുന്നു. സി.ജെ സ്‌മാരക പ്രസംഗസമിതിയുടെ സി.ജെ സിമ്പോസിയത്തില്‍ ഇവര്‍ എല്ലാ വര്‍ഷവും പങ്കെടുത്തിരുന്നു. സമിതിയുടെ നേതൃത്വത്തില്‍ മുടങ്ങാതെ നടന്നു വരുന്ന ചര്‍ച്ചായോഗങ്ങളിലും ഇവര്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
Thursday, 1 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment