സി.എന്‍.കുട്ടപ്പന്‍
1950 കളുടെ മദ്ധ്യത്തിലാണ് ഞാന്‍ സി.ജെ.യെ കൂത്താട്ടുകുളത്തു വച്ചു കാണുന്നതും പരിചയപ്പെടുന്നതും. കൂടെ എപ്പോഴും അഞ്ചും ആറും പേരുണ്ടാകും, ശിഷ്യന്‍മാര്‍. ചായക്കടയിലാണ് ഒന്നിച്ചുകൂടുക. ടൌണില്‍ വന്നാല്‍ അവരെ ആരെയും കണ്ടില്ലെങ്കില്‍ മറ്റു കാണുന്നവരോട് ചോദിക്കും “അവരെ കണ്ടോ” എന്ന്. പത്രോസ്, കുര്യന്‍സാര്‍, മുതലായവരായിരുന്നു അവര്‍. 1960 ജൂലൈ 14 നു സി.ജെ മരിച്ചു. സി.ജെ മരിച്ചതിന് ശേഷവും “അവര്‍ കണ്ടുമുട്ടുമായിരുന്നു”. ഒരിക്കല്‍ കുര്യന്‍ സാര്‍ പറഞ്ഞു സി.ജെ.യുടെ പേരില്‍ ഒരു പ്രസ്ഥാനം തുടങ്ങിയാല്‍ സാഹിത്യകാരന്‍മാരുടെ പ്രസംഗം കേള്‍ക്കാന്‍ ഒരു വഴിയാകുമെന്ന്. സി.ജെ സ്മാരകസമിതിയുടെ ബീജാവാപം കുര്യന്‍സാറിന്റെ അഭിലാഷത്തില്‍ നിന്നായിരുന്നു.സി.ജെ യുടെ മരണശേഷം അദ്ദേഹത്തിന്റെ കുട്ടികളുടെ പഠനത്തിന് സഹായകമായി ഡി.സി കിഴക്കേമുറി മുന്‍കൈയെടുത്ത് ഒരു ഫണ്ടുണ്ടാക്കാന്‍ ശ്രമിച്ചു. ഏ.പി.പി.നമ്പൂതിരി പ്രതികരിച്ചു. “സി.ജെ.യെ ആദരിക്കാന്‍ സാഹിത്യചര്‍ച്ചാവേദി ഉണ്ടാക്കുകയാണ് വേണ്ടത്”. ഏ.പി.പി. നമ്പൂതിരിയുടെ നിര്‍ദ്ദേശം ഒരു വെളിച്ചമായി. കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ ജെ.ജയിംസ് സാറിന്റെ(കുറവിലങ്ങാട്) അദ്ധ്യക്ഷതയില്‍ കൂടിയ ആലോചനായോഗത്തില്‍ കാര്യങ്ങള്‍ക്ക് ഒരു രൂപമുണ്ടായി.
സമിതിയുടെ അദ്ധ്യക്ഷ പദവി പ്രൊഫ. എന്‍. ഐ.ഏബ്രഹാം സാറിനെ ഏല്‍പ്പിച്ചു. കുര്യന്‍സാര്‍ സെക്രട്ടറി, അദ്ദേഹത്തെ സഹായിക്കുന്ന ജോലി എനിക്കും. പ്രമുഖരായ പലരും ഉള്‍പ്പെട്ട പ്രവര്‍ത്തക സമിതിയും കാര്യങ്ങളുമായി അഴിക്കോടുസാറിനെ സമീപിച്ചപ്പോള്‍ നടത്തിപ്പിനു വലിയ ബുദ്ധിമുട്ടാകുമെന്ന് ഉപദേശം. “കൂത്താട്ടുകുളം രാഷ്ട്രീയ എരിവുള്ള സ്ഥലം. കോണ്‍ഗ്രസ്സുകാര്‍ പറയും സി.ജെ. കമ്മ്യൂണിസ്റാണെന്ന്. കമ്മ്യൂണിസ്റുകാര്‍ക്ക് സി.ജെ.കമ്മ്യൂണിസ്റ് വിരുദ്ധനായ വിഷവൃക്ഷം. എന്നാലും നല്ല കാര്യമല്ലേ മുമ്പോട്ടുപോകണം.” ആദ്യകാലം കുറെ ബുദ്ധിമുട്ടുകള്‍ തോന്നി. രാഷ്ട്രീയാതിപ്രസരമുള്ള സ്ഥലമാണെങ്കിലും ഒരു രാഷ്ട്രീയാഭിജാത്യമുണ്ട് കൂത്താട്ടുകുളത്തിന്. പിന്നൊരിക്കല്‍ അഴിക്കോടുസാര്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു. അയവില്ലാത്ത ഭരണഘടനയൊന്നും അരുത്. നടത്തിപ്പിന് വിശദമായ ഭരണ ഘടനയുണ്ട്. എങ്കിലും അതാരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. 1961 -ല്‍ സമിതിയുണ്ടായി.
അംഗത്വഫീസ് 5 രൂപ. അഞ്ചു വര്‍ഷം പ്രസംഗം കേള്‍പ്പിക്കാമെന്ന വാഗ്ദാനം. 1961 ല്‍ പ്രസംഗം ആരംഭിച്ചു. വിഷയം ‘നാടകം’. കിട്ടിയതുക ആദ്യപരിപാടിക്കുതന്നെ തികഞ്ഞില്ല. പാസ്സുമൂലമായിരുന്നു പ്രവേശനം. പാസ്സുവാങ്ങിക്കയറി പ്രസംഗം കേള്‍ക്കുകയോ? മുണ്ടശ്ശേരി മാസ്റര്‍ക്ക് അത്ഭുതമായി. അദ്ദേഹം മംഗളോദയം മാസികയില്‍ എഴുതി “ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത അത്ഭുതം! പണം കൊടുത്ത് പ്രസംഗം കേള്‍ക്കുക.” പ്രശസ്തരായ പലരും പാസ്സുവാങ്ങി സി.ജെ. സ്മാരക പ്രസംഗം കേട്ടിട്ടുണ്ടെന്ന് അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിവര്‍ഷം തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ചാണ് പ്രസംഗം. പ്രശസ്തരായ വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനം, അതാണ് സി.ജെ. സ്മാരകപ്രസംഗം. സാഹിത്യം മാത്രമല്ല സാഹിത്യേതര വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടാറുണ്ട്. എങ്കിലും നാടകത്തിനായിരുന്നു മുന്തിയ പരിഗണന. നാലോ, അഞ്ചോവര്‍ഷം ചര്‍ച്ച നാടകമായിരുന്നു. നാടകസാഹിത്യം, നാടകവേദി എന്നിങ്ങനെ. കുമാരനാശാന്‍ ജന്‍മശതാബ്ദി, ഗാന്ധിയന്‍ ദര്‍ശനങ്ങള്‍, സ്വാതന്ത്യ്രാനന്തര ഭാരതം, ശാസ്ത്രയുഗത്തില്‍ ആധുനിക സാഹിത്യം, എം.ഗോവിന്ദന്റെ കൃതികള്‍ എന്നിവയൊക്കെ ഓരോ വര്‍ഷത്തെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. കാവാലത്തിന്റെയും നരേന്ദ്രപ്രസാദിന്റെയും പല നാടകങ്ങളും അവതരിപ്പിച്ചത് കൂത്താട്ടുകുളത്ത് സി.ജെ.സ്മാരകസമിതിയുടെ ചുമതലയിലാണ്. സി.ജെയുടെ തന്നെ ‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന നാടകം ആദ്യമായും അവസാനമായും അവതരിപ്പിച്ചതും കൂത്താട്ടുകുളത്താണ്. ജി.ശങ്കരപ്പിള്ളയുടെ നാടകക്കളരി പ്രസ്ഥാനത്തിന്റെ രണ്ടാമതുകളരി സി.ജെ സ്മാരകസമിതിയുടെ ചുമതലയില്‍ കൂത്താട്ടുകുളത്തായിരുന്നു.
നാടകക്കളരി എടുത്തുപറയേണ്ട ഒരിനമാണ്. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ കളരിയില്‍ അഭ്യാസത്തിനുണ്ടായിരുന്നു. കളരിഡയറക്ടര്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍. സഹായി ജി. ശങ്കരപ്പിള്ള സാറും. അദ്ധ്യാപകരായി ഡോ. അയ്യപ്പപണിക്കര്‍, സിനിമാനടന്‍ മധു തുടങ്ങിയവര്‍. പ്രൊഫ. എന്‍. കൃഷ്ണപിളള സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കടമ്മനിട്ട രാമകൃഷ്ണന്‍ എന്നിവരും ക്ളാസ്സുകള്‍ കൈകാര്യം ചെയ്തിരുന്നു. ഭരത്ഗോപി - ഗോപിസാറിനായിരുന്നുക്ളാസിന്റെ നിയന്ത്രണച്ചുമതല. ഭരത്ഗോപിസാര്‍ ഡയറക്ടറായി വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു നാടകക്കളരിയും നടന്നു. സി.ജെ. സ്മാരകപ്രസംഗങ്ങള്‍ ഒരു മുഴുവന്‍ ദിവസപരിപാടിയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ. രാത്രിയില്‍ നാടകമോ, ഗൌരവമുള്ള മറ്റു പരിപാടികളോ രണ്ടോ മൂന്നോ മണിക്കൂര്‍. ഒരിക്കല്‍ കഥകളിയും ഉണ്ടായി. പരിപാടി രണ്ടു ദിവസമാക്കിയ വര്‍ഷങ്ങളുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളുടെ വിവിധവശങ്ങളെ അധികരിച്ച് എട്ടു പത്തു പ്രബന്ധങ്ങളുണ്ടാകും. മലയാളസാഹിത്യത്തറവാട്ടിലെ പ്രമുഖരില്‍ മിക്കവരും സി.ജെ. സ്മാരകപ്രസംഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
സാനുമാസ്റര്‍, അഴീക്കോട് സാര്‍, ഡോ.അയ്യപ്പപണിക്കര്‍, കാവാലം നാരായണപണിക്കര്‍,പ്രൊഫ.എന്‍.കൃഷ്ണപിള്ള, കൈനിക്കരകുമാരപിള്ള,എം.ഗോവിന്ദന്‍, ജി.കുമാരപിള്ള എന്നിവര്‍ ഒന്നിലധികം യോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ്. റോസിതോമസ്- മിസ്സിസ്.സി.ജെ.തോമസ്- എല്ലാ യോഗങ്ങിലും എത്തിയിരിക്കും. റവ ഡോ. എബ്രഹാം വടക്കേല്‍ സമിതിയുടെ രക്ഷാധികാരിയായിരുന്നു. എല്ലാ സമ്മേളനങ്ങളിലും അച്ചന്റെ മഹനീയ സാന്നിദ്ധ്യമുണ്ടായിരുന്ന കാര്യം ആദരവോടുകൂടി സ്മരിക്കുന്നു. സമിതിയുടെ ബന്ധുക്കളായി ഒട്ടേറെ സാഹിത്യകാരന്‍മാരും മറ്റു പ്രമുഖവ്യക്തികളുമുണ്ട്. സമ്മേളനങ്ങളില്‍ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ആദ്യകാലത്ത് പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചിരുന്നു. നാടകം ഒരു പഠനം, നോവല്‍, ശാസ്ത്രയുഗത്തില്‍, ജവഹര്‍ലാല്‍ നെഹ്റു, നാടകക്കളരി, റോമില്‍ നിന്നുള്ള കത്തുകള്‍ എന്നിവയാണ്
പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. പല കാരണങ്ങളാല്‍ അതു തുടരാന്‍ കഴിഞ്ഞില്ല. ‘നാടകം ഒരു പഠനം’ കേരളയൂണിവേഴ്സിറ്റിയുടെ ടെക്സ്റ്റായിരുന്നു. ‘ജവഹര്‍ലാല്‍ നെഹ്രു’ മധുരയൂണിവേവ്സിറ്റിയിലും. മറ്റു ഗ്രന്ഥങ്ങളിലെ പല പ്രബന്ധങ്ങളും ഹൈസ്ക്കൂള്‍ ക്ളാസുകളിലെ മലയാളം പാഠാവലിയിലും വന്നിട്ടുണ്ട്. ബഹുമാനപ്പെട്ട വടക്കേലച്ചന്റെ പേരില്‍ 1980 മുതല്‍ അവാര്‍ഡ് കൊടുത്തുതുടങ്ങി. കേരളത്തിലെ ഒട്ടേറെ പ്രമുഖസാഹിത്യകാരന്‍മാരെ അച്ചന്റെ പേരിലുള്ള അവാര്‍ഡ് നല്‍കി ആദരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കാര്യം കഴിഞ്ഞ സി.ജെ സ്മാരക സമിതിയുടെ ചുമതലയില്‍ നടന്നു വന്ന ചര്‍ച്ചാവേദിയെക്കുറിച്ചാണ്. പ്രതിമാസം നടന്നു വന്ന ചര്‍ച്ചാസദസ്സുകളാണ് പ്രസംഗസമിതിയെ അടുത്തകാലത്ത് നിലനിറുത്തിപ്പോന്നത്. സമിതിയുടെ വൈസ് പ്രസിഡന്റ് കൂടിയായ പി.കെ. ബാലകൃഷ്ണപിള്ള സാറിനാണ് ഇക്കാര്യത്തില്‍ ഏറെ അഭിമാനിക്കാനുള്ളത്. 1961- ലാണ് സി.ജെ. സ്മാരക സമിതി നിലവില്‍ വന്നതെന്നു പറഞ്ഞല്ലോ, സ്ഥാപകാംഗങ്ങളില്‍ പലരും ഇന്ന് പ്രവര്‍ത്തകസമിതിയിലുണ്ട്. 45 വര്‍ഷമായിട്ടും പ്രധാന പ്രവര്‍ത്തകന് - പ്രസിഡന്റിന് മാറ്റം വേണ്ടി വന്നില്ല.
പി.കെ. ബാലകൃഷ്ണപിള്ള സാറാണ് ആദ്യം തുടങ്ങിത്തന്നെ വൈസ് പ്രസിഡന്റ്, സെക്രട്ടറി കുര്യന്‍ സാറിന്റെ സഹായിയായിരുന്ന ഞാന്‍ പിന്നീട് സെക്രട്ടറിയായി. ആദ്യ ഖജാന്‍ജി പൊതുവാള്‍ സാര്‍. മറ്റു പ്രവര്‍ത്തകരൊക്കെ കാലാകാലം മാറി വന്നവര്‍. ഇന്ന് പ്രവര്‍ത്തകരായി ധാരാളം ചെറുപ്പക്കാര്‍ കൂത്താട്ടുകുളത്തുണ്ട്. സമിതിയുടെ നേതൃത്വം എന്നും സി.ജെയുടെ സുഹൃത്തുക്കളും ആരാധകരുമായ പ്രമുഖ എഴുത്തുകാര്‍ക്കുതന്നെയാണ്. ആദ്യത്തെ സി.ജെ. സിമ്പോസിയം കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ വച്ചായിരുന്നു. തുടര്‍ന്നും അവിടെ വച്ചുതന്നെ. പിന്നീട് കെ.ടി.ജേക്കബ് ടൌണ്‍ ഹാളിലേയ്ക്കുമാറി. ഒരു വര്‍ഷം പി.പി. എസ്തോസ് സ്മാരക ഹാളില്‍ നടന്നു. എങ്ങനെ നടത്തി, ഇത്ര വലിയ പരിപാടികളൊക്കെ എന്നല്ലേ? സര്‍ക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം ഒന്നും ലഭിച്ചിട്ടില്ല. മെമ്പര്‍ഷിപ്പു ഫീസ് വാങ്ങിയിട്ടുണ്ട്. പോരാതെ വരുന്നത് പ്രവര്‍ത്തകരുടെ പങ്ക്. സ്വന്തമായി ആഫീസില്ല. ഉണ്ടാക്കാന്‍ കഴിഞ്ഞുമില്ല. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ ലക്ഷക്കണക്കിനു രൂപ സാംസ്കാരികസ്ഥാപനങ്ങള്‍ക്കു നല്‍കുന്നുണ്ട്. ആ വഴിക്കൊന്നും ശ്രമിച്ചില്ല. അതാണ് എടുത്തു പറഞ്ഞേക്കാവുന്ന വലിയ കുറവ്. ഏകദേശം 45 വര്‍ഷത്തെ സമിതിയുടെ ബാലന്‍സ്ഷീറ്റ് പരിശോധിക്കുമ്പോള്‍ നിരാശപ്പെടേണ്ടതുണ്ടോ?
കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക വേദിയായിരുന്നു - സി.ജെ സ്മാരകസമിതി. സാഹിത്യസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ ,പുസ്തക പ്രസാധനം, എല്ലാംകൊണ്ടും സജീവമായ വേദി. സി.ജെ.സ്മാരക പ്രസംഗം സജീവമായിരുന്നപ്പോഴും ഇപ്പോഴും അത് മനുഷ്യമനസ്സില്‍ ഒരു മഹനീയമായ സാന്നിദ്ധ്യമാണ്. കൂത്താട്ടുകുളത്തുകാര്‍ക്കുമാത്രമല്ല എവിടെയുമുള്ള സുമനസ്സുകളില്‍. കേരളത്തിലെ പ്രമുഖരായ മിക്ക സാഹിത്യകാരന്‍മാരും കൂത്താട്ടുകുളത്തു വന്നുപോയിട്ടുണ്ട്. വന്നവര്‍ക്കും നിന്നവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാനും ഒത്തിരിയുണ്ടാകും. ആര്‍ക്കും നിഷേധിക്കാനാവാത്ത, എല്ലാവര്‍ക്കും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു ഇമേജ് ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് സമിതിയുടെ ബാലന്‍സ് ഷീറ്റിലെ ശേഷിപ്പ്. ഈ ഗൂഡ്‍വില്ലാണ് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തും എറണാകുളം ജില്ലാ പഞ്ചായത്തും ഏറ്റുവാങ്ങിയത്. അങ്ങനെ സി.ജെ.യ്ക്കും, സമിതിക്കും മൂര്‍ത്തമായ സ്മാരകമുണ്ടായിരിക്കുന്നു, മനോഹരമായ സൌധം (സി.ജെ സ്മാരക മന്ദിരം). എന്നാല്‍ അത് നിത്യചൈതന്യവത്താകുമോ?
തിരുവനന്തപുരത്തെ രാജകൊട്ടാരനിരകളെക്കുറിച്ച് രാമപുരത്തുവാര്യര്‍ പാടിയിട്ടുള്ളത് ഓര്‍ക്കുന്നു. എന്തെല്ലാം കഥകളാണ് ഇവയ്ക്കു പറയാനുള്ളത്. എന്നാല്‍ പാപദൃക്കുകള്‍ക്ക് ഇവയെല്ലാം വെറും കല്ലും മരവുമാണ്. നമ്മുടെ സ്മാരകമന്ദിരത്തിന് കൂത്താട്ടുകുളത്തിന്റെ കഥ പറയാന്‍ കഴിയട്ടെ. ‘ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്രമംഗളം വായ്ക്കും കല്പപാദപമുണ്ടായ് വരൂ’ എന്നു വള്ളത്തോള്‍ പാടിയിട്ടുണ്ട്. ഭാരതനാട്ടിലേ ഒരു ഗാന്ധി ജനിക്കൂ എന്നര്‍ത്ഥം. കൂത്താട്ടുകുളം വടക്കേലച്ചനും, കെ.ടി.ജേക്കബും, സി.ജെ.തോമസ്സും ജനിച്ചുജീവിച്ച നാടാണ്. ആദ്ധ്യാത്മിക രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യങ്ങളുടെ പ്രതീകങ്ങള്‍.
Thursday, 1 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment