എന്‍.സി. വിജയകുമാര്‍
കൂത്താട്ടുകുളത്തിന് അഭിമാനിക്കത്തക്കതായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. ജനങ്ങള്‍ വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങള്‍ പുലര്‍ത്തുവെങ്കിലും അനുഷ്‌ഠാനങ്ങള്‍ക്കെല്ലാം സമാനത കാണാവുന്നതാണ്. നാടന്‍കലകളില്‍ പ്രഗത്ഭരായിരുന്നു പൂര്‍വീകരെങ്കിലും മാറിയ സാമ്പത്തീക സാഹചര്യത്തില്‍ അവയെല്ലാം നാമവശേഷമായിക്കൊണ്ടിരിക്കുന്നു.
പ്രശസ്‌ത സാഹിത്യകാരനും ചിന്തകനുമായിരുന്ന സി.ജെ. തോമസും അദ്ദേഹത്തിന്റെ സഹോദരിയും കവയത്രിയുമായ കൂത്താട്ടുകുളം മേരി ജോണും ഈ നാടിന്റെ അഭിമാനസ്‌തംഭങ്ങളാണ്. പ്രശസ്‌ത ഫോട്ടോഗ്രാഫറും കലാകാരനുമായിരുന്ന ജേക്കബ് ഫിലിപ്പ് കൂത്താട്ടുകുളത്തിന്റെ അഭിമാനഭാജനമാണ്. പണ്‌ഡിതനും വാഗ്മിയും സാഹിത്യമര്‍മജ്ഞനുമായിരുന്ന ഫാ. ഏബ്രഹാം വടക്കേല്‍ ഇന്നാട്ടുകാരനായിരുന്നു. നവോത്ഥാന പരമ്പരയില്‍ കൂത്താട്ടുകുളം കൊച്ചുനാരായണനാശാന്‍, ഇന്ദിര-സുശീല സഹോദരിമാര്‍, ലീല-ബിന്ദു സഹോദരിമാര്‍ തുടങ്ങിയവര്‍ സംഗീത നാടക രംഗങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്. മണ്‍മറഞ്ഞ കലാകാരന്‍മാരായ സി.എം. ഏബ്രാഹം, കെ.ജെ. ഏബ്രഹാം, എന്‍.എസ്. ഇട്ടന്‍ എന്നിവരും ശ്രദ്ധേയരാണ്.
പുതിയ തലമുറയിലെ കൂത്താട്ടുകുളം ചന്ദ്രന്‍, ടി.സി. ഉലഹന്നന്‍, ജോസ് കരിമ്പന, എം.കെ. ഹരികുമാര്‍ എന്നിവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എം.കെ. ഹരികുമാറിന്റെ കൃതികള്‍ ധാരാളം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പ്രശസ്‌ത ശില്‌പി അപ്പുക്കുട്ടനും ഈ പ്രദേശത്തുകാരനാണ്. കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചെഴുതുമ്പോള്‍ സി.ജെ. എന്ന അധ്യായം ഒഴിവാക്കാനാകില്ല.
കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരുന്ന സി.ജെ. തോമസ് കൂത്താട്ടുകുളത്ത് ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും മകനായി 1918 നവംബര്‍ 14-നാണ് ജനിച്ചത് 1960 ജൂലൈ 14-ന് 42-ാമത്തെ വയസില്‍ അദ്ദേഹം അന്തരിച്ചു.
1961-ലാണ് സി.ജെ. സ്‌മാരക പ്രസംഗസമിതി പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം സാഹിത്യത്തിലെ സമസ്‌തവിഷയങ്ങളും സി.ജെ. സ്‌മാരക പ്രസംഗങ്ങളില്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്. നാടകം, കഥകളി, കൂത്ത് തുടങ്ങിയ വിവിധ കലാപരിപാടികളും, പ്രശസ്‌ത കവികള്‍ പങ്കെടുത്ത കവിയരങ്ങും മിക്ക വര്‍ഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നവരും യശഃശരീരരുമായ മിക്ക സാഹിത്യ സാംസ്‌കാരിക നായകന്മാരും പ്രസംഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
സമിതി ഇതിനകം ഈടുറ്റ പല പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ``നാടകം ഒരു പഠനം'' കേരള സര്‍വ കലാശാലയില്‍ ബി.എ, ബി.എസ്.സി-യുടെ ടെക്‌സ്റ്റ് ബുക്കായിരുന്നു. ``ജവഹര്‍ലാല്‍ നെഹ്‌റു '' എന്ന പുസ്‌തകം കേരള, മധുര സര്‍വകലാശാലകളുടെ ടെക്‌സ്റ്റ് ബുക്കായി. സമിതി 1979-ല്‍ റവ. ഡോ. ഏബ്രഹാം വടക്കേലിന്റെ പേരില്‍ ഒരു എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി. 1968-ല്‍ പത്ത് ദിവസം നീണ്ട് നിന്ന നാടക പഠനക്ലാസ് നടത്തുകയുണ്ടായി. സി.എന്‍. ശ്രീകണ്‌ഠന്‍ നായര്‍, ജി. ശങ്കരപ്പിള്ള, എന്‍. കൃഷ്‌ണപിള്ള, അയ്യപ്പപ്പണിക്കര്‍, വേണുക്കുട്ടന്‍ നായര്‍, ഡോ. രാമാനുജം, മധു, സാവിത്രിക്കുട്ടി എന്നിവര്‍ ഇതില്‍ ക്ലാസുകളെടുത്തു. ഭരത്‌ഗോപി, ബാബു നമ്പൂതിരി, തുടങ്ങിയ 35 പേര്‍ വിദ്യാര്‍ഥികളായിരുന്നു.
കൂത്താട്ടുകുളം ടൗണ്‍ പള്ളിയ്‌ക്ക് സമീപമാണ് സി.ജെ. സ്‌മാരക മന്ദിരം പ്രവര്‍ത്തിക്കുന്നത്. സി.ജെ. സ്‌മാരക ഗ്രന്ഥശാല ഇവിടെയാണ്. സി.ജെ. പഠനഗവേഷണ കേന്ദ്രം ഇവിടെ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
1990-ല്‍ പ്രവര്‍ത്തനമാരംഭിച്ച കേളി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്ക് 1993-ല്‍ കേരള സംഗീത നാടക അക്കാഡമി അഫിലിയേഷന്‍ നല്‌കി. ഈ സൊസൈറ്റി പ്രതിമാസ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത് കൂടാതെ ശാസ്‌ത്രീയ കലകള്‍ അഭ്യസിപ്പിക്കുന്ന ഫൈന്‍ ആര്‍ട്‌സ് സ്‌കൂള്‍ നടത്തുന്നുണ്ട്.
1974-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൂത്താട്ടുകുളം യംഗ്‌മെന്‍സ് അസോസിയേഷന്‍ (കൈമ) എറണാകുളം ജില്ലയിലെ പ്രശസ്‌തമായ ഫുട്‌ബോള്‍ ക്ലബായിരുന്നു. തുടര്‍ന്ന് കലാ സാംസ്‌കാരിക മേഖലകളിലേക്കും സാമൂഹ്യ സേവന രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൈമ ഓണക്കാലത്ത് നടത്തി വന്നിരുന്ന സാംസ്‌കാരിക ഘോഷയാത്ര വളരെ പ്രശസ്‌തമാണ്. ഏറെ പ്രതീക്ഷ നല്‌കിയ ഈ ക്ലബിന്റെ പ്രവര്‍ത്തനം ഇന്ന് മന്ദീഭവിച്ചിരിക്കുന്നു. ഇവ കൂടാതെ കലാകായിക സംസ്‌കാരം വളര്‍ത്താനുതകുന്ന കലാ-കായിക-സന്നദ്ധ സംഘടനകളും കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Wednesday, 7 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment