Thursday, 1 October 2009

സി.ജെ തോമസ് - ജീവിതരേഖ


പി.കെ. നരേന്ദ്രദേവ്
സി.ജെ. തോമസ് 1918 നവംബര്‍ 14-ആം തീയതി കൂത്താട്ടുകുളത്തു് ചൊള്ളമ്പേല്‍ വീട്ടില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്ക്കോപ്പയുടെയും അന്നമ്മയുടേയും പുത്രനായി ജനിച്ചു. മകനെ ഒരു വൈദികനാക്കാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു വൈദിക വിദ്യാര്‍ത്ഥിയായി കോട്ടയം സി.എം.എസ്. കോളേജില്‍ അയച്ചു. താമസിയാതെ ളോഹ വലിച്ച് കീറി ഒരു വിപ്ളവകാരിയായി സി. ജെ. തിരിച്ചുപോന്നു.
ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി.എ. ഡിഗ്രിയും, തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനവും പൂര്‍ത്തിയാക്കി. ലോ കോളേജിലെ വിദ്യാഭ്യാസജീവിതത്തിനിടയ്ക്കാണ് സി.ജെ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം കമ്മ്യൂണിസ്റു പാര്‍ട്ടിയിലെത്തി. സി.ജെ. ജനമദ്ധ്യത്തിലേക്കു കടന്നുവന്നത് കമ്യൂണിസ്റുപാര്‍ട്ടി പ്രവര്‍ത്തകനായിട്ടായിരുന്നു. നാലഞ്ചു വര്‍ഷത്തോളം ആ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. തന്റെ വിശ്വാസങ്ങളും ആദര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുകയില്ലെന്ന് ബോധ്യമായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോന്നു.

അതിനുശേഷം ഒരു പാര്‍ട്ടിയുടേയും വക്താവായിട്ടില്ല.ജനാധിപത്യ വാദിയായ സി.ജെ. സത്യത്തിനും നീതിക്കും എതിരായ എല്ലാ പ്രവണതകള്‍ക്കുമെതിരെ പ്രതിഷേധശബ്ദമുയര്‍ത്തി. കക്ഷിരാഷ്ട്രീയത്തിനതിതമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ വലിയ മനുഷ്യനായിരുന്നു സി.ജെ. സ്വന്തം ചിന്തകള്‍ക്കും , നിരീക്ഷണങ്ങള്‍ക്കും , നിഗമനങ്ങള്‍ക്കും അനീതമായി മറ്റൊന്നിനേയും അനുസരിക്കുവാന്‍ ആധിക്കാരിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനായിട്ടുമുണ്ട്.

എം. പി. പോള്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് സി.ജെ. സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പ്രൊഫസര്‍ പോളുമായുള്ള സഹവാസവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെ.യെ ഗുണകരമായി സ്വാധീനിച്ചു. ഏതുകാര്യവും മൌലികമായും വിദഗ്ദ്ധമായും അവതരിപ്പിക്കുവാന്‍ അപാരമായ കഴിവുണ്ടായിരുന്നു സി.ജെ.യ്ക്ക്.


വടകര സെന്റ് ജോണ്‍സ് ഹൈസ്കൂളിലും, എം.പി. പോള്‍സ് ട്യൂട്ടേറിയല്‍ കോളേജിലും അദ്ധ്യാപകനായി ജോലി നോക്കി. ആള്‍ ഇന്ത്യാ റേഡിയോയുടെ തിരുവന്തപുരം നിലയത്തില്‍ കുറച്ചുകാലം പ്രൊഡ്യൂസറായി ജോലി ചെയ്തു. അതു രാജിവച്ചശേഷം മദിരാശിയില്‍ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലത്തിന്റെ പ്രൊഡക്ഷന്‍ ആഫീസറായി നിയമിതനായി. ഒരു വര്‍ഷത്തിനുശേഷം അതും ഉപേക്ഷിച്ചു.സി.ജെ എവിടെ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരു രാജിക്കത്ത് എഴുതി പോക്കറ്റില്‍ സൂക്ഷിക്കുവാന്‍ മറക്കാറില്ല. ആഭിപ്രായവ്യത്യാസം തോന്നുന്ന ആദ്യ സന്ദര്‍ഭത്തില്‍ത്തന്നെ അത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രാരംഭകാലം മുതല്‍ അതിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി സി.ജെ. വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.ബി.എസ്സിന്റെ എംബ്ളം അരയന്നത്തിന്റെ മാതൃകയില്‍ രൂപകല്പന ചെയ്തത് സി.ജെ.യെന്നചിത്രകാരനായ പ്രതിഭാശാലിയാണ്. മലയാളഗ്രന്ഥങ്ങള്‍ക്ക് ഇന്നു കാണുന്നവിധം മനോജ്ഞമായ മുഖഛായ നല്‍കിയതിനു പിന്നില്‍ സി.ജെ. യുടെ ഭാവനയും കഴിവും നല്ലപോലെ പണിയെടുത്തിട്ടുണ്ട്.


കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി, ഡെമോക്രാറ്റ് തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയില്‍ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട്. ദീനബന്ധു, വീക്കിലി കേരള, ഡെമോക്രാറ്റ് തിയ്യേറ്റേഴ്സ്, വോയ്സ് ഓഫ് കേരള എന്നിവയുടെ അണിയറയിലും സി.ജെ.യുടെ വിദഗ്ദ്ധഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.


എറണാകുളത്തെ ഡെമോക്രാറ്റ് പബ്ളിക്കേഷന്‍സായിരുന്നു, സി.ജെ.യുടെ അവസാനകാല പ്രവര്‍ത്തനമണ്ഡലം.

കൃതികള്‍

1948 മുതല്‍ക്കാണ് സി.ജെയുടെ കൃതികള്‍ പ്രസിദ്ധീകൃതമാകുന്നത്. ആദ്യം പുറത്തുവന്നത് സോഷ്യലിസം (1948 ജൂണ്‍ ),2. മതവും കമ്യൂണിസവും,(1948 ജൂലൈ ), 3. അവന്‍ വീണ്ടും വരുന്നു, (1949 ആഗസ്റ് ), 4. ഉയരുന്ന യവനിക (1950 ഒക്ടോബര്‍ ), 5. വിലയിരുത്തല്‍ (1951 സെപ്തംബര്‍), 6)ഇവനെന്റെ പ്രിയ പുത്രന്‍ (1953 ഏപ്രില്‍ ), 7. 1128 -ല്‍ ക്രൈം 27 (1954 ജനുവരി ), 8. ശലോമി (1954 സെപ്തംബര്‍ ), 9. ആ മനുഷ്യന്‍ നീ തന്നെ 1955 മെയ് ), 10. ധിക്കാരിയുടെ കാതല്‍ (1955 മെയ് ), 11. മനുഷ്യന്റെ വളര്‍ച്ച (1960 ഏപ്രില്‍), 12. പിശുക്കന്റെ കല്യാണം (1960 ആഗസ്റ്റ്),
13. , വിഷവൃക്ഷം (1960 ആഗസ്റ്റ്), 14. സി.ജെ.വിചാരവും വീക്ഷണവും(1985) ,15. അന്വേഷണങ്ങള്‍(2004 ജൂലൈ)ഇത്രയുമാണ് സ്വതന്ത്രകൃതികള്‍. 1.ജനുവരി ഒമ്പത്, (1952 ജൂണ്‍)2.ആന്റിഗണി(1955 ഫെബ്രുവരി), 3.നട്ടുച്ചക്കിരുട്ട്(1955 നവംബര്‍),4. ഭൂതം (1956 മെയ്), 5. രണ്ടു ചൈനയില്‍(1956 ഒക്ടോബര്‍), 6. ലിസി സ്ടാറ്റ (1960 ഫെബ്രുവരി), 7.കീടജന്മം (1960 സെപ്തബര്‍) ഇവ വിവര്‍ത്തനങ്ങളും. ഈഡിപ്പസ്, ഹാംലറ്റ് എന്നിവ അപൂര്‍ണ്ണങ്ങള്‍. അച്ചടിച്ചിട്ടില്ല.


സി.ജെ.യ്ക്ക് അഞ്ച് സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു.മൂത്ത സഹോദരന്‍ അകാലത്തില്‍ പൊലിഞ്ഞ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സി.ജെ.ജോസഫ്. പ്രസിദ്ധ കവയിത്രി മേരിജോണ്‍ കൂത്താട്ടുകുളം മൂത്ത സഹോദരിയാണ്. സുപ്രസിദ്ധ സാഹിത്യനിരൂപകന്‍ പ്രഫസര്‍ എം.പി പോളിന്റെ മകള്‍ റോസിയാണ് സി.ജെ.യുടെ ജീവിത സഖി. ഈ ദമ്പതികള്‍ക്ക് ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്.


1960 ജൂലൈ 14-ആം തീയതി രാത്രി 9.30 ന് നാല്പത്തിരണ്ടാമത്തെ വയസ്സില്‍ അര്‍ബുദരോഗസംബന്ധമായ ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് ആ പ്രതിഭാശാലി അന്തരിച്ചു. ആ ധിക്കാരിയുടെ ശബ്ദം നിലച്ചപ്പോള്‍ മഹാകവി ജി.ശങ്കരക്കുറുപ്പ് വിലപിച്ചു. "സാഹിത്യത്തിലെ ധീരനും സ്വതന്ത്രവുമായ ശബ്ദമായിരുന്നു സി.ജെ. തോമസ് .ആ ശബ്ദം അപഥ സഞ്ചാരികളെ നടുക്കിയിട്ടുണ്ട്, വിലക്കിയിട്ടുണ്ട്. അത് നിത്യനിശ്ശബ്ദതയില്‍ ലയിച്ചുപോയെന്നറിയുമ്പോള്‍ ആരാണ് വിഷാദിക്കാതിരിക്കുക."

No comments:

Post a Comment

Back to TOP